Isaiah 23

1സോരിനെക്കുറിച്ചുള്ള പ്രവാചകം:

തർശീശ് കപ്പലുകളേ, അലമുറയിടുവിൻ; ഒരു വീടും ശേഷിക്കാത്തവിധവും തുറമുഖം ഇല്ലാത്തവിധവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു.
2സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിക്കുവിൻ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവ്യാപാരികള്‍ നിന്നെ നിറച്ചുവല്ലോ. 3വലിയ വെള്ളത്തിന്മേൽ സീഹോർപ്രദേശത്തെ കൃഷിയും നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; അത് ജനതകളുടെ ചന്ത ആയിരുന്നു.

4സീദോനേ, ലജ്ജിച്ചുകൊള്ളുക; “എനിക്കു നോവു കിട്ടിയിട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റിയിട്ടില്ല, കന്യകമാരെ വളർത്തിയിട്ടുമില്ല” എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു. 5സോരിന്റെ വർത്തമാനം ഈജിപ്റ്റിൽ എത്തുമ്പോൾ അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും.

6തർശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, അലമുറയിടുവിൻ. 7പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാല് അതിനെ ദൂരത്തു പ്രവാസം ചെയ്യുവാൻ വഹിച്ചു കൊണ്ടുപോകും.

8കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ സോരിനെക്കുറിച്ച് അതു നിർണ്ണയിച്ചതാര്? 9സകല മഹത്ത്വത്തിന്റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.

10തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നൈൽനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക. 11അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ച് അതിന്റെ കോട്ടകളെ നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു. 12“ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കുകയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാവുകയില്ല” എന്ന് അവിടുന്ന് കല്പിച്ചിരിക്കുന്നു.

13ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത് അതിലെ കൊട്ടാരങ്ങളെ ഇടിച്ച്, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. 14തർശീശ് കപ്പലുകളേ, അലമുറയിടുവിൻ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.

15ആ നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിനൊത്ത എഴുപതു വർഷത്തേക്കു മറന്നുകിടക്കും; എഴുപതു വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:

16“മറന്നു കിടന്നിരുന്ന വേശ്യയേ,
വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്കുക;
നിന്നെ ഓർമ്മ വരേണ്ടതിനു
നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.”

17എഴുപതു വർഷം കഴിഞ്ഞ് യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അതു തന്റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും. എന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.

18

Copyright information for MalULB